ഉപദേവതകള്‍

ശ്രീപരമേശ്വരന്‍

ക്ഷേത്രമതില്‍ക്കകത്ത് വടക്കു കിഴക്കുഭാഗത്തായി കിഴക്കോട്ടുദര്‍ശനമായുള്ള ലിംഗപ്രതിഷ്ഠയാണ് ശ്രീ പ്രമേശ്വരന്റേത്.ഹരിഹരപുത്രനായ അയ്യപ്പന്റെ പിതൃസ്ഥാനമാണ് പരമേശ്വരനുള്ളത്. ശിരസ്സില്‍ നിന്നും ഗംഗ പ്രവഹിക്കുന്നതിന്നാല്‍ പൂര്‍ണ്ണപ്രദക്ഷിണം ഇവിടെ അനുവദനീയമല്ല. അര്‍ച്ചന. മൃത്യുഞ്ജയപുഷ്പാഞ്ജലി, കൂവളമാല, നെയ്യ് വിളക്ക്, ഭദ്രദീപം, ധാര, നെയ്യ്പ്പായസം, പിഴിഞ്ഞുപായസം എന്നിവയാണ് മുഖ്യവഴിപാടുകള്‍.

ബ്രഹ്മരക്ഷസ്സ്

ക്ഷേത്രമതില്‍ക്കത്ത് വടക്കുപടിഞ്ഞാറേ മൂലയില്‍ കിഴക്കോട്ട് ദര്‍ശനമായാണ് ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ. താന്ത്രിക വിദ്യകളില്‍ ശ്രേഷ്ഠരായ ബ്രാഹ്മണരുടെ ആത്മാക്കളെയാണ് ബ്രഹ്മരക്ഷസ്സായി കുടിയിരുത്തുക. പാല്‍പ്പായസമാണ് ബ്രഹ്മരക്ഷസ്സിനുള്ള പ്രധാന വഴിപാട്.

നാഗയക്ഷി

നാഗദേവതമാരുടെ ആസ്ഥാനമായിരുന്ന കേരളദേശത്തെ അവര്‍ പരശുരാമനുദാനമായി നല്‍കി എന്നാണ് ഐതിഹ്യം. ഇക്കാരണത്താല്‍ നാഗത്താന്മാര്‍ നമ്മുടെ ആചാരങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ക്ഷേത്രമതില്‍ക്കകത്ത് വടക്കുകിഴക്കേമൂലയില്‍ പടിഞ്ഞാറോട്ടു ദര്‍ശനമായാണ് നാഗയക്ഷിയും സര്‍പ്പദൈവങ്ങളും നിലകൊള്ളുന്നത്. മഞ്ഞള്‍പ്പൊടി ആടല്‍, നൂറും പാലും, പട്ടുചാര്‍ത്തല്‍, പാലഭിഷേകം, പാല്‍പ്പായസം എന്നിവയാണ് പ്രധാന വഴിപാടുകള്‍.

ശ്രീഗണപതി

പരമശിവന്റേയും പാര്‍വതിദേവിയുടേയും ആദ്യപുത്രനാണല്ലോ മഹാഗണപതി, ധര്‍മ്മശാസ്താവിന്റെ മൂത്ത ജ്യേഷ്ഠന്റെ സ്ഥാനം. സര്‍വ്വവിഘനനിവാരണനായ ശ്രീമഹാഗണപതി ചുറ്റമ്പലത്തിനുള്ളില്‍ ശ്രീകോവിലിനു വലതുവശത്തായി കിഴക്കോട്ടു ദര്‍ശനമായാണ് പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ഗണപതിഹോമം, കറുകമാല എന്നിവയാണ് മുഖ്യവഴിപാടുകള്‍.

അന്നപൂര്‍ണ്ണേശ്വരി

ചുറ്റമ്പലത്തിനുള്ളില്‍ ശ്രീകോവിലിനു വടക്കുപടിഞ്ഞാറേമൂലയില്‍ കിഴക്കോട്ടുദര്‍ശനമായാണ് ഭഗവതി നിലകൊള്ളുന്നത്. ഭക്തര്‍ക്ക്‌ അന്നത്തിനു മുട്ടുണ്ടാക്കാതെ സംരക്ഷിയ്ക്കുന്ന ലോകമാതാവായ അന്നപൂര്‍ണ്വേശരി പാര്‍വതിദേവിയുടെ അവതാരമാണ്‌. പുഷ്പാഞ്ജലി, ഭഗവതിസേവ, വിളക്ക്, അതിമധുരപായസം എന്നിവയാണ് മുഖ്യവഴിപാടുകള്‍.