ധര്‍മ്മശാസ്ത

ബ്രഹ്മപുരാണം, ശ്രിഭൂതനാഥ ഉത്ഭവം ,ശാസ്താമാഹത്മ്യം ഭാഗവതം ഇവപ്രകാരം പാലാഴി മഥനകാലത്ത്‌ പരമശിവന് വിഷ്ണുമായ ആയ മോഹിനിയില്‍ ധനുമാസത്തിലെ അവസാനത്തെ ശനിയാഴ്ച ഉത്രം നക്ഷത്രത്തില്‍ ഹരിഹര പുത്രനായ ധര്‍മ്മശാസ്താവ് ജന്‍മം കൊണ്ടു എന്നാണ്` ഐതിഹ്യം. എല്ലാവരെയും അതിശയിപ്പിച്ച് എല്ലാ വേദശാസ്ത്രങ്ങളും വേഗത്തില്‍ സ്വായത്തമാക്കിയ ധര്‍മ്മശാസ്താവ് കൈലാസത്തില്‍ വളര്‍ന്നു. ഇന്ദ്രനെ കീഴടക്കി ദേവലോകം പിടിച്ചടക്കിയ മഹിഷിയെ വധിക്കുകയാണ് തന്റെ അവതാരലക്ഷ്യമെന്ന് ഹരിഹരപുത്രന്‍ പരമശിവനില്‍ നിന്ന് മനസിലാക്കി. അതിനായി 12 വര്‍ഷം ഭൂമിയില്‍ വസിക്കേണ്ടതുണ്ടെന്നും പരമശിവന്‍ നിര്‍ദ്ദേശിച്ചു. മഹിഷാസുരവധത്തിനായി ധര്‍മ്മശാസ്താവിനെ ഭൂമിയിലേക്ക് അയയ്ക്കുന്നതിനുള്ള ഉപായം പരമശിവന്‍ തന്നെ കണ്ടെത്തി.

ഭൂമിയില്‍ പന്തളം രാജ്യത്തെ രാജശേഖര രാജാവും രാജ്ഞിയും കുട്ടികളില്ലാത്ത ദുഖത്തില്‍ കഴിയുകയായിരുന്നു. തന്റെ ഭക്തനായ പന്തളം രാജാവിന് ധര്‍മ്മശാസ്താവിനെ നല്‍കാന്‍ പരമശിവന്‍ തീരുമാനിച്ചു. വനത്തില്‍ നായാട്ടിനു പോയ രാജാവ് പമ്പാനദിയുടെ തീരത്ത് കഴുത്തില്‍ മണി കെട്ടിയ, ഓമനത്തം തുളുമ്പുന്ന ഒരു കുഞ്ഞ് പട്ടുചേലയില്‍ കിടക്കുന്നതുകാണാനിടയായി.എന്തു ചെയ്യണമെന്നറിയാതെ രാജാവ് പകച്ചുനിന്നപ്പോള്‍ ഒരു അശരീരി ഉണ്ടായി- ''പുത്ര നില്ലാത്തില്‍ ദുഖിതനായ കഴിയുന്ന അങ്ങ്, ഈ കുട്ടിയെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി സ്വന്തം കുഞ്ഞിനെപ്പോലെ വളര്‍ത്തു, കഴുത്തില്‍ മണികെട്ടിയതിനാല്‍ ഇവന്‍ മണികണ്ഠന്‍ എന്നറിയപ്പെടും. 12 വയസാകുമ്പോള്‍ അയ്യപ്പന്‍ എന്നായിരിക്കും ഇവന്റെ പേര്''.

കുഞ്ഞ് എത്തിയ ശേഷം കൊട്ടാരത്തിനും പന്തളം ദേശത്തിനും ഐശ്വര്യങ്ങള്‍ വര്‍ദ്ധിച്ചു. ഗുരുകുലത്തില്‍ വിട്ട് മണികഠ്ണനെ വിദ്യയും ആയോധനകലയും മറ്റും അഭ്യസിപ്പിച്ചു. മറ്റുള്ളവരെ ശരിക്കും അത്ഭുതപ്പെടുത്തിക്കൊണ്ട് എല്ലാ വിദ്യകളും മണികണ്ഠന്‍ സ്വായത്തമാക്കി. മണികണ്ഠന് പന്ത്രണ്ട് വയസായപ്പോള്‍ യുവരാജാവായി വാഴിക്കാന്‍ രാജാവ് തീരുമാനിച്ചു. എന്നാല്‍ മന്ത്രിയുടെ കുടിലതന്ത്രങ്ങളില്‍പ്പെട്ട രാജ്ഞിയുടെ കപടമായാ വയറുവേദന ശമിപ്പിയ്ക്കാന്‍ മണികണ്ഠന്‌ പുലിപ്പാലുതേടി കാനനത്തിലേയ്ക്ക്‌ പോകേണ്ടിവന്നു. ഈ യാത്രയില്‍ തന്റെ അവതാരലക്ഷ്യമായ മഹിഷി നിഗ്രഹം നടത്തുകയും ദേവഗണങ്ങളെ പുലികളാക്കി കൊട്ടാരത്തിലേയ്ക്കു മടങ്ങിവരികയും ചെയ്തു. ധര്‍മ്മശാസ്താവിന്റെ അവതാരമാണെന്ന് തിരിച്ചറിഞ്ഞ രാജ്ഞിയും മന്ത്രിയും തെറ്റുകള്‍ ഏറ്റുപറഞ്ഞു. അവതാരലക്ഷ്യം പൂര്‍ത്തിയായതിനാല്‍ താന്‍ തിരിച്ചുപോകുകയാണെന്ന് അരുളിച്ചെയ്ത മണികണ്ഠനോട് പന്തളരാജന്‍ ദൈവാംശമായ മണികണ്ഠനെ പ്രതിഷ്ഠിക്കുന്ന ക്ഷേത്രം നിര്‍മ്മിക്കുന്നതിനും സ്ഥാനനിര്‍ണയത്തിനുമുള്ള വരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. താന്‍ ഒരു അമ്പെയ്യുമെന്നും അത് വീഴുന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കാമെന്നും മണികണ്ഠന്‍ അനുമതി നല്‍കി. അമ്പുവീണസ്ഥലമാണ്‌ ശബരിമല.

ധര്‍മ്മശാസ്താവിണ്റ്റെ അവതാരങ്ങളായാണു മണികണ്ഠനെയും അയ്യപ്പനെയും പുരാണങ്ങള്‍ വിശേഷിപ്പിക്കുന്നത്‌. മഹിഷി വധത്തിനായി ധര്‍മ്മശാസ്താവ്‌ മണികണ്ഠനായും പരശുരാമനാല്‍ പ്രതിഷ്ഠിതമായ ശബരിമല ക്ഷേത്രത്തെ തീവെച്ചു നശിപ്പിക്കുകയും പന്തളം രാജ്യത്തെ ആക്രമിക്കുകയും ചെയ്ത്‌ ഉദയനണ്റ്റെ വധത്തിനായി അയ്യപ്പനയും അവതരിച്ചു എന്നാണു പുരാണങ്ങള്‍ വ്യക്തമാക്കുന്നത്‌. ശാസ്‌താവും അയ്യപ്പനും ഒരാളായി ചിത്രീകരിക്കാറുണ്ടെങ്കിലും വ്യത്യസ്‌ത രൂപഭാവങ്ങള്‍ ഉള്ളവരായിരുന്നുവെന്നു പറയുന്നുണ്ട്‌. നിത്യബ്രഹ്മചാരിയായിരുന്ന അയ്യപ്പന്‍ ശബരിമലയില്‍ കുടികൊള്ളുന്നത്‌ `ചിന്മുദ്രാങ്കിത യോഗ സമാധിപ്പൊരുളായിട്ടാണ്‌' അതിനാല്‍ ശബരിമലയിലെ ആചാരാനുഷ്‌ഠാനങ്ങള്‍ മറ്റൊരു ശാസ്‌താക്ഷേത്രത്തിലുമില്ല. ശാസ്‌താവിന്‌ `പൂര്‍ണ' എന്നും `പുഷ്‌കില' എന്നും രണ്ടു ഭാര്യമാരുള്ളതായും കാണുന്നു. ഗൃഹസ്ഥാശ്രമിയായ അയ്യപ്പനാണ്‌ വെള്ളിമുറ്റം ക്ഷേത്രത്തിലേതെന്നു വിശ്വാസം. ശബരിമല സന്നിധാനത്തില്‍ പോകാന്‍ കഴിയാത്ത സ്‌ത്രീകള്‍ ഇവിടെ ദര്‍ശനം നടത്തുന്നത്‌ സന്നിധാനത്തില്‍ പോകുന്നതിന്‌ തുല്യമാണത്രേ.

അഭീഷ്ട വരദായകനാണ് അയ്യപ്പന്‍. മനസ്സുതുറന്ന് പ്രാര്‍ത്ഥിച്ചാല്‍ ഏതാഗ്രഹവും സാധിക്കും. അയ്യപ്പസ്വാമിയുടെ അനിര്‍വ്വചനീയമായ മഹിമാവിശേഷം അനന്തവും ആനന്ദപ്രദവുമാണ്. കൃത്യവൗം ശുദ്ധവുമായ ദിനചര്യകള്‍ ആചരിയ്ക്കുകയും സ്വാമി ശരണം എന്ന ഏകാഗ്രചിന്തയോടുകൂടിയിരിക്കുകയും ചെയ്യുന്നവര്‍ക്ക് അയ്യപ്പസ്വാമി തീര്‍ച്ചയായും അനുഗ്രഹം നല്‍കും എന്ന സത്യം അവിതര്‍ക്കമാണ്.